തങ്ങളും തസ്വവ്വുഫിന്റെയാളുകളാണെന്ന് കപടവും വ്യാജവുമായി അവകാശവാദമുന്നയിക്കുന്ന ചിലരെ കാണാം. വിശുദ്ധ ദീനില്‍ നിന്ന് വ്യതിചലിച്ചവരാണവര്‍. ദീന്‍ എന്നു വെച്ചാല്‍ ഹഖീഖത്ത് മാത്രമാണ് എന്നാണവര്‍ ജല്‍പിക്കുന്നത്. എന്നിട്ട് ശരീഅത്തിന്റെ നിയമങ്ങള്‍ പ്രയോഗരഹിതമാക്കുകയും സ്വന്തം കാര്യത്തില്‍ ശരീഅത്ത് നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുകയും വിരുദ്ധകാര്യങ്ങള്‍ അനുവദനീയമാക്കുകയും ചെയ്തിരിക്കുകയാണ്. ഹൃദയവിശുദ്ധിയുണ്ടോ എന്നതാണ് കാര്യമായ വിഷയമെന്ന് അവര്‍ തട്ടിവിടും. മാത്രമല്ല, അന്യരെ സംബന്ധിച്ച് ‘അവര്‍ ബാഹ്യത്തിന്റെ വക്താക്കളാണ്, നാം ആന്തരികവിജ്ഞാനത്തിന്റെയാളുകളും’ എന്നായിരിക്കും അവരുടെ വിലയിരുത്തല്‍. ചുരുക്കത്തില്‍ ഇത്തരക്കാര്‍ ദുര്‍മാര്‍ഗികളും വഴി തെറ്റിയവരും വ്യാജഭക്തരുമാണ്. അവരുടെ അവസ്ഥകളോ പ്രവൃത്തികളോ എടുത്ത് ആത്മാര്‍ഥരും സത്യസന്ധരുമായ സ്വൂഫീസാരഥികള്‍ക്കതിരെ തെളിവുകള്‍ സമര്‍ഥിക്കുവാന്‍ പാടുള്ളതല്ല.
ആത്മജ്ഞാനികളായ മഹാന്മാര്‍ ഈ കപടഭക്തരായ സിന്‍ദീഖുകളുടെ അപകടകാരിതയെപ്പറ്റി ശക്തമായ ജാഗരണം നടത്തിയിട്ടുണ്ട്. അവരുമായി സഹവസിക്കുകയും ചങ്ങാത്തം പുലര്‍ത്തുകയും ചെയ്യുന്നതിനെതിരെ സ്വൂഫികള്‍ താക്കീത് നല്‍കിയിരിക്കുന്നു. അവരുടെ മാര്‍ഗഭ്രംശങ്ങളിലും ദുര്‍നടപടികളിലുംനിന്ന് ഈ മഹാന്മാര്‍ തീര്‍ത്തും വിമുക്തരുമത്രേ. അബൂയസീദല്‍ ബിസ്ഥാമി(റ) ഒരിക്കല്‍ തന്റെ ചില ശിഷ്യരോട് പറഞ്ഞു: ‘വരൂ, ‘ഔലിയ’യാണെന്ന് പെരുമ്പറയടിച്ച് നടക്കുന്ന ആ മനുഷ്യന്റെയടുത്ത് നമുക്കൊന്ന് പോയി നോക്കാം.’ സാഹിദ് ആണ് എന്ന് പേരു കേട്ട ഒരാളായിരുന്നു അയാള്‍. ജനങ്ങള്‍ സന്ദര്‍ശനത്തിനായി വരുന്നുമുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ അയാളുടെയടുത്തു പോയി. വീട്ടില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പ്രവേശിച്ചപ്പോള്‍ അയാളതാ ഖിബ്‌ലയുടെ ഭാഗത്തേക്ക് തുപ്പുന്നു.(1) ഇത് കാണേണ്ട താമസം, ശൈഖ് അബൂയസീദ് അയാള്‍ക്ക് സലാം പറയുക പോലും ചെയ്യാതെ തിരിഞ്ഞുനടന്നു. താന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: തിരുനബി(സ്വ)യുടെ മര്യാദകള്‍ സംബന്ധിച്ചുപോലും വിശ്വസ്തനല്ലാത്ത ഇയാളെ സ്വന്തം വാദഗതികളുടെ പേരില്‍ എങ്ങനെ വിശ്വസ്തനായി കാണാന്‍ കഴിയും?
ഇമാം അബൂയസീദല്‍ ബിസ്ഥാമി(റ) മറ്റൊരിക്കല്‍ പറയുകയുണ്ടായി: അന്തരീക്ഷത്തില്‍ പറക്കുക വരെയുള്ള നിരവധി കറാമത്തുകള്‍ നല്‍കപ്പെട്ട ഒരാളെ കാണുകയാണെങ്കില്‍പോലും അയാളില്‍ നിങ്ങള്‍ വഞ്ചിതരായിപ്പോകരുത്.(3) അല്ലാഹുവിന്റെ വിധിവിലക്കുകളെയും ശരീഅത്തിന്റെ പരിധികളെയും അയാള്‍ എങ്ങനെ സമീപിക്കുന്നുവെന്നും മതനിയമങ്ങള്‍ ഏത് രീതിയില്‍ അഭിമുഖീകരിക്കുന്നു എന്നുമൊക്കെ നോക്കിവേണം അയാളുടെ കാര്യത്തില്‍ വിധി എഴുതുവാന്‍.(4) ശൈഖ് അഹ്മദ് സര്‍റൂഖ്(റ) പറയുന്നു: സുന്നത്തുകള്‍ അനുഷ്ഠിക്കാത്ത ഏതൊരു ശൈഖിനെയും പിന്തുടരാന്‍ പറ്റില്ല. അയാളുടെ യഥാര്‍ഥനില സുനിശ്ചിതമല്ല എന്നതാണ് കാരണം. യഥാര്‍ഥത്തില്‍ അയാള്‍ സത്യസന്ധനാവുകയോ ആയിരമായിരം കറാമത്തുകള്‍ പ്രകടപ്പിക്കുകയോ ചെയ്താലും അനുധാവനം ചെയ്തുകൂടാത്തതാകുന്നു.
ശൈഖ് സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തുസ്തരി(റ) പറയുന്നത് കാണുക: മൂന്ന് വിഭാഗം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിങ്ങള്‍ സൂക്ഷിക്കണം-അശ്രദ്ധരായ ധിക്കാരികള്‍, മുഖം മിനുക്കിപ്പറയുന്ന ഓത്തുകാര്‍, വിഢ്ഢികളായ തസ്വവ്വുഫ് ചമയുന്നവര്‍.
ശൈഖ് സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തുസ്തരി(റ) പറയുന്നത് കാണുക: മൂന്ന് വിഭാഗം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിങ്ങള്‍ സൂക്ഷിക്കണം-അശ്രദ്ധരായ ധിക്കാരികള്‍, മുഖം മിനുക്കിപ്പറയുന്ന ഓത്തുകാര്‍, വിഢ്ഢികളായ തസ്വവ്വുഫ് ചമയുന്നവര്‍.
സയ്യിദ് അഹ്മദ് രിഫാഈ(റ)യുടെ വാക്കുകള്‍ കാണുക: ‘ഞങ്ങള്‍ ആന്തരിക ജ്ഞാനത്തിന്റെയും അവര്‍ ബാഹ്യജ്ഞാനത്തിന്റെയും ആളുകളാണ്’ എന്ന് ചില തസ്വവ്വുഫ് അഭിനേതാക്കള്‍ പ്രസ്താവിക്കാറുള്ളതുപോലെ നിങ്ങള്‍ പറയരുത്. സമഗ്രമായ ഈ ദീനിന്റെ ആന്തരികം അതിന്റെ ബാഹ്യത്തിന്റെ കാമ്പ് ആകുന്നു; അതിന്റെ ബാഹ്യമാകട്ടെ ആന്തരികത്തിന്റെ പാത്രവുമാണ്. ഈ ബാഹ്യാംശങ്ങളില്ലെങ്കില്‍ ആ കാമ്പ് ഉള്ളിലുണ്ടാവില്ല. ബാഹ്യഭാഗങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ആന്തരികമുണ്ടാകുമായിരുന്നില്ല, അതുണ്ടാകാന്‍ പറ്റുകയുമില്ലായിരുന്നു. ശരീരമില്ലാതെ ഹൃദയം നിലകൊള്ളുകയില്ല; എന്നല്ല ശരീരമില്ലെങ്കില്‍ ഹൃദയം നശിച്ചുപോകും. ശരീരത്തിന്റെ പ്രകാശമാണ് ഹൃദയം. ആന്തരിക വിജ്ഞാനം എന്ന് ചിലര്‍ നാമകരണം ചെയ്ത ഈ വിജ്ഞാനം ഹൃദയത്തെ നന്നാക്കലാകുന്നു.
അപ്പോള്‍ ആദ്യം വേണ്ടത് ഹൃദയം കൊണ്ട് വിശ്വസിച്ചംഗീകരിക്കലും അവയവങ്ങള്‍ കൊണ്ട് കര്‍മങ്ങളനുഷ്ഠിക്കലുമാണ്. ഉത്തമമായ ഉദ്ദേശ്യം കൊണ്ടും ഉള്ളടക്കം ശുദ്ധിയാവുന്നതുകൊണ്ടും നിന്റെ ഹൃദയം തനിമയുറ്റതായി; എന്നാല്‍ നീ കൊല നടത്തുകയും മോഷ്ടിക്കുകയും വ്യഭിചരിക്കുകയും പലിശ ഭുജിക്കുകയും മദ്യം കുടിക്കുകയും വ്യാജം പ്രവര്‍ത്തിക്കുകയും അഹന്ത നടിക്കുകയും പരുഷവാക്കുകള്‍ പറയുകയുമൊക്കെ ചെയ്താല്‍ പിന്നെ നിന്റെ ഹൃദയവിശുദ്ധിക്കും ഉത്തമോദ്ദേശ്യത്തിനുമെല്ലാം എന്തു ഫലം? പ്രത്യുത, നീ അല്ലാഹുവിനെ ശരിക്ക് ആരാധിച്ചു; വിശുദ്ധിയുള്ളവനായി; നോമ്പനുഷ്ഠിക്കുകയും ദാനം ചെയ്യുകയും വിനയാന്വിതനാവുകയും ചെയ്തു. പക്ഷേ, നിന്റെ മനസ്സിനുള്ളില്‍ ലോകമാന്യതയും വിനാശവുമാണ്-നിന്റെ കര്‍മങ്ങള്‍ കൊണ്ട് പിന്നെ എന്തു നേട്ടം?
ഏതെങ്കിലും ഒരവസ്ഥയില്‍ സത്യവിശ്വാസിയായ മുരീദില്‍ നിന്ന് ദീനിന്റെ കല്‍പനകള്‍ ഏതെങ്കിലും ദുര്‍ബലപ്പെട്ടുപോകുമെന്ന ചിന്താഗതിയെ ശൈഖ് ജീലാനി(റ) അപ്പടി തള്ളിക്കളഞ്ഞിരിക്കുകയാണ്. തദ്വിഷയകമായി മഹാനവര്‍കളുടെ വാക്കുകള്‍ നാം ഉദ്ധരിക്കുകയുണ്ടായി. ശൈഖ് ജീലാനി(റ)യുടെ വിധിയെഴുത്ത് എത്ര പ്രസ്പഷ്ടമാണ്: ഫര്‍ളായ അനുഷ്ഠാനങ്ങള്‍ കൈവെടിയുക എന്നത് വ്യാജസന്യാസമത്രേ. ശരീഅത്ത് നിരോധിച്ച കാര്യങ്ങളനുവര്‍ത്തിക്കല്‍ കുറ്റമാകുന്നു. ഏത് സമുന്നത സ്ഥിതി ഒരു വ്യക്തി കൈവരിച്ചാലും ശരി, അല്ലാഹുവിന്റെ ദീന്‍ നിര്‍ബന്ധമായി അനുശാസിച്ച യാതൊരു കര്‍മവും അയാളില്‍ നിന്ന് ഒഴിവായിപ്പോവില്ല.
സ്വൂഫികളുടെ സാരഥിയെന്നറിയപ്പെടുന്ന ഇമാം ജുനൈദുബ്‌നു മുഹമ്മദ് അല്‍ബഗ്ദാദി(റ) വ്യക്തമാക്കി: നമ്മുടെ ഈ മാര്‍ഗം-തസ്വവ്വുഫ്-ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിത്തറയില്‍ അധിഷ്ഠിതമാകുന്നു.(1) മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ഥരീഖത്തുകളെല്ലാം സൃഷ്ടികളില്‍ അധിഷ്ഠിതമായിരിക്കും; തിരുമേനി(സ്വ)യുടെ സുന്നത്തുകള്‍ പിന്‍പറ്റുകയും അവിടത്തെ പന്ഥാവ് മുറുകെ പിടിക്കുകയും ചെയ്തവരുടേത് ഒഴികെ.(2) കാരണം നന്മയുടെ ഥരീഖത്തുകളെല്ലാം തിരുമേനി(സ്വ)യുടെ നേരെ തുറന്നുവെക്കപ്പെട്ടതാകുന്നു.
ആത്മജ്ഞാനികളിലൊരാള്‍ ഒരിക്കല്‍ ഇങ്ങനെ ചോദിച്ചു: സ്വൂഫികളില്‍ ചിലര്‍ അല്ലാഹുവിങ്കലേക്കുള്ള സാമീപ്യത്തിന് സഹായകമായതും നന്മയുടെ ഗണത്തില്‍ പെട്ടതുമായ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നുണ്ടല്ലോ? ഇതുകേട്ട് ജുനൈദുല്‍ ബഗ്ദാദി(റ) പ്രതികരിച്ചു: സല്‍ക്കര്‍മങ്ങള്‍ ഉപേക്ഷിക്കാമെന്ന് പറഞ്ഞ ഒരു വിഭാഗമാളുകളുടെ അഭിപ്രായമാണത്. എന്നാല്‍ ഞാനത് കാണുന്നത് ഗുരുതരമായ ഒരു വിഷയമായാണ്. ഇങ്ങനെ പറയുന്നവനെക്കാള്‍ മെച്ചപ്പെട്ടവനാണ് മോഷ്ടാവും വ്യഭിചാരിയും.) കാരണം, ആത്മജ്ഞാനികള്‍ അല്ലാഹുവിങ്കല്‍ നിന്നാണ് കര്‍മങ്ങള്‍ ഗ്രഹിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ അവന്‍ തന്നെയാണവരുടെ അവലംബം. ആയിരം വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കിലും പുണ്യകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അണുഅളവ് ഞാന്‍ കുറവ് വരുത്തുകയില്ല; എനിക്കും അവക്കുമിടയില്‍ മറയിടപ്പെട്ടാലൊഴികെ.
മറ്റൊരിക്കല്‍ ജുനൈദ്(റ) പറയുകയുണ്ടായി: ആരുടെയെങ്കിലും വാക്കും പ്രസ്താവവുമൊന്നും കേട്ടിട്ടല്ല ഞങ്ങള്‍ തസ്വവ്വുഫ് പഠിച്ചിരിക്കുന്നത്; പ്രത്യുത വിശപ്പ് സഹിച്ചും ദുന്‍യാവ് ഉപേക്ഷിച്ചുമാണ്. സാധാരണ ജീവിതവുമായി ഇണങ്ങിച്ചേര്‍ന്നിരുന്ന ശൈലികളും താല്‍പര്യജനകമായ വസ്തുക്കളുമെല്ലാം വര്‍ജിച്ചുമാണ് ഞങ്ങള്‍ തസ്വവ്വുഫ് ഉള്‍ക്കൊണ്ടത്.
ശൈഖ് ഇബ്‌റാഹീമുബ്‌നു മുഹമ്മദ് അന്നസ്‌റാബാദി(റ) പറയുകയുണ്ടായി: ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക, ദേഹേച്ഛകളും നവീനാശയങ്ങളും കൈവെടിയുക, ഗുരുവര്യന്മാരുടെ പദവികള്‍ ആദരിക്കുക, സൃഷ്ടികള്‍ ബോധിപ്പിക്കുന്ന കാരണങ്ങള്‍ കാണുക, സുഹൃത്തുക്കളുമായി ഉത്തമ രീതിയിലുള്ള സൗഹൃദം പുലര്‍ത്തുക. അവര്‍ക്ക് സേവനങ്ങള്‍ ചെയ്യുക, ഉദാത്തമായ സ്വഭാവങ്ങള്‍ സ്വീകരിക്കുക, വിര്‍ദുകള്‍ നിത്യമാക്കുക, വിട്ടുവീഴ്ചകള്‍ സ്വീകരിക്കുന്നതും വ്യാഖ്യാനങ്ങള്‍ ചെയ്യുന്നതും(1) ഒഴിവാക്കുക. പ്രാരംഭത്തിലുള്ള വിനാശം കൊണ്ടല്ലാതെ ഥരീഖത്തുകളുടെ വിഷയത്തില്‍ ആരും വഴിപിഴച്ചിട്ടില്ല. കാരണം, തുടക്കത്തിലുള്ള നാശം ഒടുക്കത്തിലും പ്രതിഫലനമുണ്ടാക്കുന്നതാകുന്നു.
ഡോ. ബഹാഉദ്ദീന്‍ കൂരിയാട്
ഡോ. ബഹാഉദ്ദീന്‍ കൂരിയാട്