Saturday 25 August 2012

പുണ്യമേ ഈ പുണ്യവസ്തുവും..


സഹോദരങ്ങളുമായി സംസാരിച്ചതിനിടയില്‍ പലകാര്യങ്ങളും യൂസുഫ് നബി(അ) അന്വേഷിച്ചു. പ്രധാനമായും പ്രിയപിതാവിന്റെ വിവരങ്ങള്‍. അദ്ദേഹം തന്റെ വിരഹത്തില്‍ അത്യഗാധമായി ദുഃഖിച്ച് കരഞ്ഞ്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. അദ്ദേഹത്തെ എത്രയും വേഗം സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. 

തല്‍സമയം 'എന്റെ കുപ്പായം കൊണ്ടുപോയി പിതാവിന്റെ തിരുമുഖത്ത് വെച്ച്കൊടുക്കുക' എന്ന് സഹോദരങ്ങളോട് ആവശ്യപ്പെട്ടു. തദ്വാരാ താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നറിയുമ്പോള്‍ പിതാവിന്റെ ദുഃഖ വ്യാകുലാദികള്‍ അകന്നുപോവുകയും കാഴ്ച തിരിച്ചുകിട്ടുകയും ചെയ്യുമെന്ന് യൂസുഫ് നബി(അ) മനസ്സിലാക്കി. ഇമാം ഥബരി(റ) എഴുതുന്നു: സ്വന്തത്തെ സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ അവരോട് പിതാവിനെക്കുറിച്ച് യൂസുഫ് നബി(അ) അന്വേഷിച്ചു. ദുഃഖം കാരണം അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു പോയിരിക്കുന്നുവെന്ന് അവര്‍ വിശദീകരണം നല്‍കി. തല്‍സമയം തന്റെ കുപ്പായം അവര്‍ക്കു കൊടുത്തു (ഥബരി 13:57).

ഇത് സാധാരണ കുപ്പായമായിരുന്നുവെന്നും അമാനുഷിക കഴിവുകളുള്ളതായിരുന്നു അതെന്നും മുഫസ്സിറുകള്‍ പറയുന്നുണ്ട്. ഇബ്റാഹീം നബി(അ)നെ നംറൂദ് രാജാവ് അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോള്‍ ജിബ്രീല്‍(അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു കുപ്പായം കൊണ്ടുവന്ന് അദ്ദേഹത്തെ ധരിപ്പിച്ചു. തന്റെ പിതാവിലൂടെ യഅ്ഖൂബ് നബി(അ)ക്കത് കിട്ടി. യൂസുഫ് അസാധാരണ സൌന്ദര്യത്തിന്റെ ഉടമയായതിനാല്‍ കണ്ണേറ് തട്ടാതിരിക്കാനായി ആ മുഅ്ജിസത്തിന്റെ കുപ്പായം ചെറുതായി മടക്കി ഒരു വെള്ളിക്കൂട്ടിലാക്കി മകന്റെ കഴുത്തില്‍ പിതാവ് കെട്ടിക്കൊടുത്തു. അങ്ങേയറ്റം ലോലമായ പട്ടിന്റേതായിരുന്നു കുപ്പായം. സ്വസഹോദര
ന്മാര്‍ കിണറ്റില്‍ തള്ളിയപ്പോഴും ഈ 'ഹൈക്കല്‍' യൂസുഫ് നബി(അ)യുടെ കഴുത്തിലുണ്ടായിരുന്നു. കുപ്പായത്തിന്റെ ദിവ്യത്വമറിയാമായിരുന്ന അദ്ദേഹം പിന്നീടും അത് നല്ലവണ്ണം സൂക്ഷിച്ചു. ഈ കുപ്പായമാണ് പിതാവിന്റെ തിരുവദനത്തില്‍ വെച്ചുകൊടുക്കാനായി കൊടുത്തയച്ചതെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. അത്കൊണ്ട് പിതാവിന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്ന് താന്‍ പറഞ്ഞത് ഈ കുപ്പായത്തിന്റെ ദിവ്യത്വം ഗ്രഹിച്ചിരുന്നത് കൊണ്ടായിരുന്നു. 

പിതാവിന് കുപ്പായം കൊടുത്തയക്കുന്നതിനോടൊപ്പം ആ കുടുംബത്തെ ഒന്നടങ്കം ഈജിപ്തിലേക്ക്, തന്റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് യൂസുഫ് നബി(അ). ബനൂഇസ്രാഈല്യരുടെ സുദീര്‍ഘമായ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു വഴിത്തിരിവിന്റെ നാന്ദിയാണ് ഈ ക്ഷണം. രാജകീയ ക്ഷണമനുസരിച്ച് അവിടെ വന്ന അവര്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം അടിമച്ചങ്ങലകളില്‍ കുരുങ്ങുന്നതാണ് ലോകം കണ്ടത്. പിന്നീട് മൂസാനബി(അ) വന്ന് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. 
                                                                           (പുനര്‍വായന)

No comments: