Sunday 28 April 2013

പ്രപഞ്ചം തകര്‍ച്ചയിലേക്കു പോകുന്നതായി ശാസ്ത്രലോകം

പ്രപഞ്ചം തകര്‍ച്ചയിലേക്കു പോകുന്നതായി ശാസ്ത്രലോകം

ബീജിംഗ്: പ്രപഞ്ചത്തിന്റെ ഭാവി ഇരുളടഞ്ഞതും അനിര്‍വചനീയവുമാണെന്ന് വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ബ്രെയ്ന്‍ ഷമിറ്റ്. ഇന്നു കാണുന്ന പ്രപഞ്ചം വിദൂരഭാവിയില്‍ ഇല്ലാതാകുമെന്നും അന്ന് വാനനിരീക്ഷകര്‍ക്ക് ജോലിയുണ്ടാകില്ലെന്നും അദ്ദേഹം പ്രവചിക്കുന്നു. പതിനായിരം കോടി വര്‍ഷത്തിനുള്ളില്‍ ശൂന്യമായ പ്രപഞ്ചത്തിലേക്കായിരിക്കും മനുഷ്യന്‍ നോക്കുക. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നതുകൊണ്ട് ക്ഷീരപഥമൊഴികെയുള്ള താരസമൂഹങ്ങളെല്ലാം ഇല്ലാതാകും. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ ബീജിംഗില്‍ നടന്ന 28 -ാമത് ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പേപ്പറിലാണ് ഷമിറ്റിന്റെ ശ്രദ്ധേയമായ ഈ നിരീക്ഷണം.
പ്രപഞ്ചം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിന് തെളിവുകള്‍ കണ്ടെത്തിയതിനാണ് ഭൗതിക ശാസ്ത്രത്തിനുള്ള 2011 ലെ നോബല്‍ സമ്മാനം ഷമിറ്റിനെയും മറ്റു രണ്ടു യു.എസ് ശാസ്ത്രജ്ഞരെയും തേടിയെത്തിയത്. അതുവരെ പ്രപഞ്ച വികാസം മന്ദഗതിയിലാണെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. പ്രപഞ്ച വികാസത്തെ ത്വരിതപ്പെടുത്തുന്ന ഡാര്‍ക് എനര്‍ജി എന്ന സാങ്കല്‍പിക ഊര്‍ജരൂപത്തെക്കുറിച്ചുള്ള പഠനത്തിലേക്കും ഷമിറ്റിന്റെയും കൂട്ടുകാരുടെയും കണ്ടെത്തല്‍ വഴിതെളിച്ചു. ആധുനിക മനുഷ്യന്റെ നിരീക്ഷണത്തിലുള്ള പ്രപഞ്ചം തന്നെ ഇല്ലാതാകുന്നതോടെ വിദൂര ഭാവിയില്‍ ജ്യോതിശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ക്കെല്ലാം പരിധി നിശ്ചയിക്കപ്പെടും. ഭൂമിയുള്‍കൊള്ളുന്ന ആകാശഗംഗ ഇപ്പോഴത്തെ അവസ്ഥയില്‍ നിലനില്‍ക്കുകയോ മറ്റേതെങ്കിലും താരസമൂഹത്തില്‍ ലയിക്കുകയോ ചെയ്യുമെന്നാണ് ഷമിറ്റിന്റെ അഭിപ്രായം. ‘ആകാശഗംഗക്കു പുറത്തുള്ള എല്ലാ ഗ്യാലക്‌സികളും അപ്രത്യക്ഷമാകും. അക്കാലത്ത് ജ്യോതിശാസ്ത്രജ്ഞര്‍ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കേണ്ടിവരും.’
പ്രപഞ്ച വികാസത്തിന് ഗതിവേഗം നല്‍കുന്ന ഡാര്‍ക് എനര്‍ജി എന്താണെന്ന് ശാസ്ത്ര ലോകത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് ഷമിറ്റ് പറയുന്നു. പ്രപഞ്ചം വികസിക്കുന്നതിലൂടെ കൂടുതല്‍ സ്ഥലം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്ഥലം വര്‍ധിക്കുന്നതിനനുസരിച്ച് ഡാര്‍ക് എനര്‍ജിയും കൂടുന്നു. ഡാര്‍ക് എനര്‍ജി കൂടുതല്‍ സ്ഥലത്തിന്റെ സൃഷ്ടിപ്പിലേക്കും നയിക്കുന്നതായി ഷമിറ്റ് പറഞ്ഞു. ‘പ്രപഞ്ചം അതിന്റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. നാം അതിനെ വിലയിരുത്തുകയല്ല. അളക്കുകമാത്രമാണ് ചെയ്യുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments: